ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കടുത്തുരുത്തി പതിറ്റാണ്ടുകൾക്ക് മുമ്പ് കടന്തേരി എന്നറിയപ്പെടുന്ന ഒരു പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. കുരുമുളക്, ഇഞ്ചി, മഞ്ഞൾ, നെല്ല്, നാളികേരം തുടങ്ങിയ കാർഷിക വിളകളും, പച്ചക്കറി, പല വ്യഞ്ജനങ്ങൾ ഇവയും വൻതോതിൽ വിപണനം ചെയ്‌തിരുന്നു. ജലഗതാഗതമായിരുന്നു പ്രധാനമായിട്ടുണ്ടായിരുന്നത്. പത്തേമാരികൾ അടുക്കുന്നതിനുള്ള സൗകര്യവും അക്കാലത്തുണ്ടായിരുന്നു. കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിന് തൊട്ടുകിഴക്ക് ഭാഗത്താണ് പ്രസിദ്ധമായ ഉണ്ണുനീലി സന്ദേശത്തിലെ ഉണ്ണുനീലി ജീവിച്ചിരുന്ന വീരമാണിക്യത്ത് തറവാട് എന്ന് പറയപ്പെടുന്നു. വടക്കുംകൂർ രാജ്യത്തിന്റെ ആദ്യ കാലഘട്ടത്തിലെ ആസ്ഥാനമായിരുന്നു കടുത്തുരുത്തി. പണ്ട് നാലുവശവും വെള്ളത്താൽ ചുറ്റപ്പെ ട്ടിരുന്ന സ്ഥലമായിരുന്നുവെന്നും പിന്നീടത് കരയായപ്പോൾ കടൽത്തുരുത്തായെന്നും കാലാന്തരത്തിൽ അത് ലോപിച്ച് കടുത്തുരുത്തിയായി എന്നുമാണ് പറയപ്പെടുക. കടുത്തുരുത്തിയിലെ ആരാധനാലയങ്ങളിൽ പ്രധാനപ്പെട്ടത് കടുത്തുരുത്തി മഹാദേവക്ഷേത്രമാണ്. വളരെ പുരാതനവും, ചരിത്രപ്രസിദ്ധവുമായ ഈ ക്ഷേത്രം ഖര മഹർഷി പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്നു. പ്രധാന പ്രതിഷ്ഠ പാർവ്വതിസമേതനായ പരമശിവനാണ്.
ക്രൈസ്തവ ദേവാലയങ്ങളിൽ പ്രധാനപ്പെട്ടത് കടുത്തുരുത്തി വലിയ പള്ളിയാണ്. പോർച്ചുഗീസു കാരുടെ വരവിന് മുമ്പ് പൗരസ്‌ത്യമെത്രാന്മാരുടെ കാലത്ത് 1456-ൽ നിർമ്മിക്കപ്പെട്ട പുരാതന ദേവാലയമാണിത്. ഈ പള്ളിയിൽ ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന 50 അടി ഉയരമുള്ള കരിങ്കൽ കുരിശ് ഭാരതത്തിലെ ഏറ്റവും വലിയ കരിങ്കൽ കുരിശാണ്. വലിയ പള്ളിക്ക് സമീപമുള്ള താഴത്തുപള്ളി എന്ന ആരാധനാലയവും വളരെ പ്രധാനപ്പെട്ടതാണ്. മുട്ടുച്ചിറ ഫൊറോന പള്ളിയും അറുന്നൂറ്റിമംഗലം സെന്റ് തോമസ് ദേവാലയവും, മാന്നാർ സെൻ്റ് മേരീസ് മൗണ്ട് ദേവാലയവും, വാലാച്ചിറ സെന്റ്റ് സെബാസ്റ്റ്യൻസ് ദേവാലയവും, ആയാംകുടി സെൻ്റ് തെരേസാസ് ദേവാലയവും, മധുരവേലി സെൻ്റ് അൽഫോൻസാ, ഇൻഫന്റ് ജീസസ് ദേവാലയങ്ങളും ക്രൈസ്‌തവരുടെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. അദിത്യപുരം സൂര്യ ദേവക്ഷേത്രം, മാന്നാർ ശ്രീകൃഷ്‌ണക്ഷേത്രം, ആയാംകുടി മഹാദേവക്ഷേത്രം തുടങ്ങിയ ഹൈന്ദവ ക്ഷേത്ര ങ്ങളും, മുസ്ലീങ്ങളുടെ മാന്നാറിലുള്ള മുഹ് യുദ്ദിൻ ശൈവ് ജുമാം അത്ത് മസ്‌ജീദും കടുത്തുരുത്തിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്.