ഭൂമിശാസ്ത്രം

കുന്നുകളും, താഴ്‌വരകളും, ചെരിവുകളും സമതലങ്ങളും പാടശേഖരങ്ങളും, കൊണ്ട് പ്രകൃതി മനോഹരമായ ഭൂപ്രദേശമാണ് കടുത്തുരുത്തി ബ്ലോക്ക്. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൻ്റെ കിഴക്ക് ഭാഗത്തായി 155.69 ച കി.മീ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 7 മീറ്റർ  മുതൽ 75 മീറ്റർ വരെ ഉയർന്നതാണ്. ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ 4 ആയി തിരിക്കാം. 

1.കുന്നിൽ പ്രദേശങ്ങൾ 

2. താഴ്വരങ്ങൾ സമതലങ്ങളും 

3. പാടശേഖരങ്ങൾ 

4. തീരപ്രദേശങ്ങൾ 

കുന്നിൻ പ്രദേശങ്ങളും ചെരിവുകളും

കടുത്തുരുത്തി ബ്ലോക്ക് പ്രദേശത്ത് പൊതുവെ കാണപ്പെടുന്ന ഈ ഭൂദാഗം കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം തലയോലപ്പറമ്പ് പഞ്ചായത്തുകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇവിടെയുള്ള കുന്നുകളുടെ മുകൾ ഭാഗം നിരപ്പായ പ്രദേശമാണ്. ഈ പ്രദേശത്തെ മുഖ്യവിള റബ്ബറാണ് കുരുമുളക്, ഇഞ്ചി, വാഴ എന്നീ വിളകളും തെങ്ങും കണ്ടുവരുന്നു.

പാടശേഖരങ്ങൾ

 ആകെ വിസ്‌തൃതിയിൽ 13,903 ഹെക്‌ടർ സ്ഥലമാണ് പാടശേഖരമായിട്ടുള്ളത്. കല്ലറ തലയോലപ്പറമ്പ് പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങൾ കരിനിലമാണ്. ബ്ലോക്കിലെ എല്ലാ പ്രദേശത്തും പാടശേഖരങ്ങളും നെൽക്യഷിയുമുണ്ട്. കാലവർഷക്കെടുതിയും സാങ്കേതികവും, സാമ്പത്തികവുമായ കാരണങ്ങളാലും നെൽ കൃഷി ചുരുങ്ങിയിരിക്കുന്നു. പാടശേഖരങ്ങൾ വ്യാപകമായി തരിശിടുന്ന പ്രവണത കണ്ടുവരുന്നു. വെള്ളക്കെട്ടാണ് പ്രധാന പരിസ്ഥിതി പ്രശ്ന‌ം.

തീരപ്രദേശം

വെള്ളൂർ പ്രദേശത്താണ് തീരപ്രദേശമുള്ളത്. വെളളൂർ പഞ്ചായത്തിലെ നദീതടപ്രദേശത്ത് മണലും കളിമണ്ണും കലർന്ന എക്കൽ മണ്ണ് കാണപ്പെടുന്നു.

ജലസമ്പത്ത്

ധാരാളം ചെറുതും വലുതുമായ തോടുകളും നീർച്ചാലുകളും കുളങ്ങളും മറ്റ് ജലാശയങ്ങളാലും സമ്പന്നമായ പ്രദേശമാണ് . വെള്ളൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന മൂവാറ്റുപുഴ ആറാണ് ഏറ്റവും വലിയ ജലസ്രോതസ്സ് വലുതും ചെറുതുമായ 30-ൽ അധികം തോടുകളും അതിലധികം കുളങ്ങളും മറ്റ് ജലസ്രോതസ്സുകളുമുണ്ട്.

കാലാവസ്ഥ

പ്രധാനമായും നാല് കാലാസ്ഥയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ജൂൺ ആദ്യം മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷം, ഒക്ടോബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ തുലാവർഷം, ഡിസംബർ, മുതൽ ഫെബ്രുവരി വരെ ശൈത്യക്കാലവും മാർച്ച് മുതൽ മെയ് വരെ വേനൽക്കാലവുമാണ്. പക്ഷേ അടുകാലത്തായി കാലാവസ്ഥയിലുണ്ടായ മാറ്റം കാർഷികമേഖലയെ സാരമായി ബാധിക്കുന്നുണ്ട്. വർഷകാലത്ത് പ്രളയം പലമേഖലയെയും സാരമായി ബാധിക്കുന്നു.